തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താത്പര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ നൂറു പദ്ധതികൾ നിർമാണം തുടങ്ങി.
എൻഡിആർ സ്പെയ്സിന്റെ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കാണ് നിർമാണ ഘട്ടത്തിലേക്ക് പ്രവേശിച്ച നൂറാം പദ്ധതി.
ആലുവയിലാണ് പദ്ധതി നിർമാണം തുടങ്ങിയത്. നിക്ഷേപക സംഗമത്തിൽ താൽപര്യപത്രം ഒപ്പിട്ട പ്രമുഖ ആഗോള കന്പനികൾ ഉൾപ്പെടെ അവരുടെ നിക്ഷേപ പദ്ധതികളുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു.
ഇത്രയും ചുരുങ്ങിയ സമയത്തിൽ നൂറു പദ്ധതികൾ നിർമാണം തുടങ്ങുന്നത് രാജ്യത്തെതന്നെ റിക്കാഡാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 35,111.750 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് നിർമാണഘട്ടത്തിലുള്ളത്. 49,732 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക.
449 സ്ഥാപനങ്ങളിൽ നിന്നായി 1.80 ലക്ഷം കോടി രൂപയുടെ താത്പര്യപത്രങ്ങളാണ് ഐകെജിഎസിലൂടെ ഒപ്പിട്ടത്. ഇതിൽ അനിമേഷൻ രംഗത്തെ പ്രമുഖരായ ഇറ്റാലിയൻ കന്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് കന്പനി അവിഗ്ന തുടങ്ങിയവർ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി.